നാട്ടുവഴികളിലെ പാട്ടുകാരന്‍

സത്യന്‍ അന്തിക്കാട്‌

ഓര്‍മയില്‍ ഒരിക്കലും മങ്ങാത്ത ചില ചിത്രങ്ങളായി മുല്ലനേഴി മാഷ്…
00205_338866നീലക്കുയിലിന്റെ അമ്പതാം വാര്‍ഷികം തൃശ്ശൂരില്‍ നടക്കുകയാണ്. ഭാസ്‌കരന്‍ മാഷ് അടക്കം പല പ്രമുഖരുമുണ്ട്. അതിനിടയിലെപ്പോഴോ ഒരിക്കല്‍ ഞാന്‍ ഗ്രീന്റൂമില്‍ കയറി. സിനിമാക്കാരുടെ ഓട്ടോഗ്രാഫുകള്‍ വാങ്ങിക്കൊണ്ടിരുന്ന ഒരു പയ്യന്‍ എന്റെയടുത്തും ഓടിവന്നു. ഞാനവന് എന്തോ എഴുതി ഒപ്പിട്ടുകൊടുത്തു. തൊട്ടടുത്ത നിമിഷം അവന്‍ എന്റെ ചെവിയില്‍ ചോദിച്ചു. സാറിന്റെ പേരെന്താ? മേലാസകലം ചമ്മലില്‍ മുങ്ങി ഞാന്‍ നില്‍ക്കുമ്പോള്‍ ഒരടിയുടെ ശബ്ദം കേട്ടു. ഓട്ടോഗ്രാഫ് വാങ്ങിയിരുന്ന പയ്യന്‍ നിലത്ത് വീണിരിക്കുന്നു. തൊട്ടടുത്ത് മുല്ലനേഴി മാഷ് നിന്ന് ജ്വലിക്കുന്നു. പേരുപോലും അറിയാതാണോടാ ഓട്ടോഗ്രാഫ് വാങ്ങുന്നത്? അവന്റെ ഓട്ടോഗ്രാഫ് പുസ്തകം നൂറായിനുറുങ്ങി; അവന്‍ എങ്ങോട്ടോ ഓടിപ്പോയി.

സാഹിത്യ അക്കാദമിയില്‍ ഏതോ സമ്മേളനം. സന്ധ്യയിലെ നഗരം ചുറ്റലിനുശേഷം ഞാനും കാഴ്ചക്കാരുടെ നടുവില്‍ എത്തപ്പെട്ടു. സ്വാഗത പ്രാസംഗികന്‍ തന്റെ പ്രസംഗം നീട്ടി നീട്ടി കൊണ്ടുപോവുകയാണ്. വേദിയും സദസ്സും അസ്വസ്ഥതയോടെ ചെറുതായുലഞ്ഞു. എന്നിട്ടും കക്ഷി പ്രസംഗം നിര്‍ത്തുന്നേയില്ല. പെട്ടന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നു മുല്ലനേഴി മാഷ് എഴുന്നേറ്റ് നേരെ വേദിയിലേക്ക് നടന്നു. എല്ലാവരും ചങ്കിടിപ്പോടെ കണ്ടിരിക്കുകയാണ്. തല്ലാണോ ബഹളമാണോ എന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ. മാഷ് വേദിയില്‍ക്കയറി അധ്യക്ഷന്റെ മൈക്ക് എടുത്തിട്ട് പറഞ്ഞു. സ്വാഗത പ്രസംഗം കഴിയുമ്പോള്‍ എനിക്ക് ഒരു കമ്പിയിടിച്ചാല്‍ മതി; വന്നോളാം. സദസ്സിന്റെ മുഴുവന്‍ മനസ്സിലെ ആഗ്രഹം ഒരു ചിരിയായി ചിതറി.

‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സിനിമയില്‍ മാഷിന്റെ ഒരു കവിത ചേര്‍ക്കണമെന്നുതോന്നി. ‘അമ്മയും നന്മയും ഒന്നാണ് ഞങ്ങളും നിങ്ങളും ഒന്നാണ്…’ എന്ന ആ കവിത കേട്ടപ്പോള്‍ത്തന്നെ എന്റെ മനസ്സില്‍ നിറഞ്ഞതാണ്. ശ്രീനിവാസനോട് പറഞ്ഞപ്പോള്‍ എല്ലാ പാട്ടും മാഷ് എഴുതട്ടെ എന്നായി തീരുമാനം. ജോണ്‍സണ്‍ന്റെ സംഗീതവും. ചെന്നൈയിലായിരുന്നു റെക്കോഡിങ്. ഈരാളി എന്ന നിര്‍മാതാവിന്റെ ഗസ്റ്റ് ഹൗസില്‍ ഞാനും ശ്രീനിയും ജോണ്‍സണും മാഷും ചേര്‍ന്ന് താമസം. വീരഭദ്രസേവയോഴിഞ്ഞ മാഷ് അതീവ ശാന്തനായിരുന്നു. പകല്‍ മുഴുവന്‍ പാട്ടെഴുതും വെട്ടും തിരുത്തും. വൈകുന്നേരം നടക്കാന്‍ പോകും. ശാന്തനായി തിരിച്ചുവന്ന് നേരത്തെ കിടന്നുറങ്ങും.

മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈരാളിക്ക് മാഷിനെ നന്നേ പിടിച്ചു. എത്ര ശാന്തനായ മനുഷ്യന്‍. അതു കേട്ടപ്പോള്‍ ശ്രീനി ഈരാളിയോട് പറഞ്ഞു, രണ്ട് ലോക മഹായുദ്ധങ്ങള്‍ കഴിഞ്ഞയാളാണ്. മാഷിന്റെ ഉഗ്രമുഖങ്ങള്‍ കണ്ടവര്‍ക്കേ ശ്രീനിയുടെ ആ പ്രയോഗം മനസ്സിലാവൂ.

‘സന്മനസ്സുള്ളവര്‍ക്ക് സമാധാന’ ത്തിന്റെ പാട്ടെഴുതിയത് മാഷാണ്. ജെറി അമല്‍ദേവ് ഈണം പകര്‍ന്നു. അതിലാണ് മാഷിന്റെ നാടന്‍ പ്രയോഗങ്ങളുടെ ഈണവും കവിതയുടെ ഭംഗി ലയിക്കുന്ന വരികളും എന്നെ അമ്പരപ്പിച്ചത്.
” കണ്ണിന് പൊന്‍കണി
കാതിന് തേന്‍കനി
എന്നാലും ഇന്നെന്റെ
വിഷപ്പൂവ് നീ”

എന്നവരികളിലെ ‘വിഷപ്പൂവ്’ എന്ന പ്രയോഗം മാഷിനേ സാധിക്കൂ.

”മാനത്തെ ലോകത്തുനിന്നാരോ
മഴവില്ലിന്‍ പാലം കടന്നല്ലോ”

എന്ന് മാഷ് എഴുതുമ്പോള്‍ കവിത വിളക്കുപോലെ തെളിയുന്നു. എന്റെ ഏറ്റവും പുതിയ സിനിമയായ ‘സ്‌നേഹവീടില്‍’ ബിജുമേനോന്റെ അച്ഛനായ വാര്യര്‍മാഷായിരുന്നു മാഷ്. അവസാനത്തെ ഷെഡ്യൂള്‍ എറണാകുളത്തെ ഫാക്ടിലായിരുന്നു. അന്ന് ഉത്രാടമായിരുന്നു, തിരുവോണത്തലേന്ന്. പകല്‍ കുറച്ചു നേരമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ, രാത്രിവരെ സമയമുണ്ട്. എന്തോ പറയാനായി മാഷ് എന്നെ ചുറ്റിപ്പറ്റി നിന്നു, ഞാന്‍ ചോദിച്ചു.

എന്താ മാഷേ

ഞാനൊന്ന് പുറത്തുപോയി വന്നാലോ, കൊറച്ച് ഷോപ്പിങ്ങുണ്ട്

ഈ കളമശ്ശേരിയില്‍ എന്തു ഷോപ്പിങ്ങാ മാഷേ, ഞാന്‍ ചോദിച്ചു.

ഇന്ന് ഉത്രാടമല്ലേ സത്യാ; കൊറച്ച് പച്ചക്കറിയൊക്കെ വാങ്ങണം.

പോകുമ്പോള്‍ ഒല്ലൂരില്‍നിന്നു പച്ചക്കറി വാങ്ങിയാല്‍ പോരെ എന്ന് ഞാന്‍ചോദിച്ചു. പക്ഷേ, മാഷിന് അപ്പോള്‍ത്തന്നെ പോയാല്‍ക്കൊള്ളാമെന്നായിരുന്നു. ക്യാമറമാന്‍ വേണു പറഞ്ഞു. മാഷ് മറ്റെന്തോ കാര്യത്തിന് പോവുകയാണ് സത്യാ.

അല്പം സംശയത്തോടെ ഞങ്ങള്‍ കാര്‍ വിട്ടുകൊടുത്തു. എവിടെയൊക്കെ പോകുന്നുവെന്ന് നോക്കാന്‍ ഡ്രൈവറോട് പറയുകയും ചെയ്തു. എന്നാല്‍ മാഷ് പറഞ്ഞതുപോലെ, പച്ചക്കറിച്ചന്തയില്‍ പോയി എളവനും മറ്റും വാങ്ങി. ആര്യവൈദ്യശാലയില്‍ പോയി ഭാര്യയ്ക്കുള്ള മരുന്നും കുഴമ്പും വാങ്ങി. ഒരു സഞ്ചിയും തൂക്കി തിരിച്ചുവന്നു.

കവിയും കലാപകാരിയുമായ ആ കുറിയ മനുഷ്യനിലെ സ്‌നേഹനിധിയായ കുടുംബനാഥനെയാണ് ഞാന്‍ അന്നു കണ്ടത്. ആര്‍ഭാടങ്ങളില്‍നിന്നെല്ലാം അകന്ന്, നാട്ടുവഴികളിലൂടെ നടന്നുപോയ ഒരു പാട്ടുകാരന്‍- മുല്ലനേഴി മാഷ് അതായിരുന്നു.